തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂര്‍. രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഇന്ന് ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു . സമാധാനപരമായ ഒരു റാലിയുടെ ഭാഗമായതിന് കേരള പോലീസിന്റെ ന്യായീകരിക്കാനാകാത്തതും നീതികെട്ടതുമായ ടിയർ ഗ്യാസ് പ്രയോഗത്തിനും ജലപീരങ്കി പ്രയോഗത്തിനും ഇരയായ നൂറിൽ പരം ആളുകളിൽ ഒരാളായെന്നും അദ്ദേഹം കുറിച്ചു.
നിയമം അനുസരിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ പൂർണ സ്വാതന്ത്ര്യം നൽകിയ നിയമ ലംഘകരുടെ ഭരണത്തിലേക്കാണ് കേരളം തരം താണിരിക്കുന്നത്. ഈ നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് അദ്ദേഹം വിമർശിച്ചു. എല്ലാ വിധ നിയമപ്രകാരമുള്ള അനുവാദങ്ങളും വാങ്ങിക്കൊണ്ട് നടത്തിയ പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോഴായിരുന്നു യാതൊരു പ്രകോപനവും കൂടാതെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായത്. ആ ടിയർ ഗ്യാസ് ഷെൽ വന്നു വീണത് സ്റ്റേജിന്റെ പിൻവശത്തായിരുന്നുവെന്നും പിന്നീട് തുരുതുരാ ടിയർ ഗ്യാസ് പ്രയോഗവും ജലപീരങ്കി പ്രയോഗവുമായിരുന്നു ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിയമപരമായി നേരിടുന്നതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.