കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഐ ടി ഐ കളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏറെ വർഷങ്ങൾക്ക് ശേഷം കെ. എസ്. യു മുന്നേറ്റം. മാടായി ഐ ടി ഐയിൽ കെ. എസ്. യു മുഴുവൻ സീറ്റുകളിലും വിജയിച്ചു. ഐ ടി ഐ നിലവിൽ വന്ന് 14 വർഷത്തിന് ശേഷം ആദ്യമായാണ് മാടായി ഐ ടി ഐ കെ എസ് യു പിടിച്ചെടുക്കുന്നത്. നോമിനേഷൻ പോലും കൊടുക്കാൻ സാധിക്കാതെ വർഷങ്ങളായി എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന കൂത്തുപറമ്പ് ഐ ടി ഐ യിൽ കെ എസ് യുവിന്റെ മാഗസിൻ എഡിറ്ററായി അതുൽ രാജ് പി തിരഞ്ഞെടുക്കപ്പെട്ടു. ഐ ടി ഐ വിദ്യാർത്ഥികളുടെ പഠന ക്രമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും ശനിയാഴ്ചകളിൽ അടക്കം ക്ലാസ്സ് നടത്തി വിദ്യാർത്ഥികൾക്ക് അമിത ഭാരം ഏർപ്പെടുത്തുന്ന നടപടികളെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയ കെ എസ് യുവിന് വിദ്യാർത്ഥികൾ നൽകിയ അംഗീകരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം. സി. അതുൽ പറഞ്ഞു. കെ.എസ്.യുക്കാരെ വെല്ലുവിളിച്ച കല്യാശ്ശേരി എംഎൽഎ എം. വിജിനോട് മാടായി കോളേജ് യൂണിയനില്‍ എസ് എഫ് യെ നിലംപരിശാക്കി നേടിയത് പോലെ തന്നെ മാടായി ഐടിഐയും അടിവേരോടെ കെ.എസ്.യു ഇങ്ങെടുത്തിട്ടുണ്ടെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു.