അയോഗ്യനായ ശേഷവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി ഗോപിനാഥ് രവീന്ദ്രന് നിയമനത്തില്‍ ഇടപെട്ടെന്ന് ആരോപണം. സുപ്രീംകോടതി വിധി വന്ന ദിവസം അധ്യാപക നിയമന അഭിമുഖ പാനലില്‍ നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതി. മുന്‍ വിസിയുടെ കാലത്തെ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചാന്‍സലറോട് ആവശ്യപ്പെട്ടു. പുനര്‍നിയമനം റദ്ദായി പുറത്തുപോയശേഷമാണിപ്പോള്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.സുപ്രീം കോടതി വിധി വന്ന ദിവസവും നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് പുതിയ ആക്ഷേപം.
നവംബര്‍ 29നും 30നുമാണ് ജ്യോഗ്രഫി അസി.പ്രൊഫസര്‍ തസ്തികയില്‍ ഓണ്‍ലൈന്‍ അഭിമുഖം നടന്നത്. നവംബര്‍ 30നാണ് ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി കോടതി വിധി വന്നത്. അഭിമുഖ പാനല്‍ ചെയര്‍മാനായ വിസി, അയോഗ്യനായ ശേഷവും തനിക്ക് പകരം മറ്റൊരു പ്രൊഫസര്‍ക്ക് ചുമതല നല്കി അഭിമുഖം നടത്തിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചാന്‍സലര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് ആക്ഷേപം. ഒരേ തസ്തികയില്‍ വ്യത്യസ്തത ബോര്‍ഡുകള്‍ അഭിമുഖം നടത്തിയതും ചട്ടങ്ങള്‍ക്ക് എതിരാണ്. ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിയുടെ ഗവേഷണ ഗൈഡായിരുന്ന അധ്യാപകനാണ് വിഷയവിദഗ്ധനായി പാനലില്‍ ഉണ്ടായിരുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ തുടര്‍ന്നത് ഇഷ്ടക്കാരെ നിയമിക്കാനാണെന്നും മുന്‍ വിസിയുടെ രണ്ടാം ടേമിലെ എല്ലാ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്നും ഗവര്‍ണര്‍ക്കും നിലവിലെ വിസിക്കും നല്കിയ പരാതിയിലുണ്ട്.