സബ്‌സിഡി സാധനങ്ങള്‍ പകുതി പോലുമില്ലാതെ സപ്ലൈകോ ക്രിസ്മസ് ന്യൂഇയര്‍ ഫെയര്‍; അരിയും പഞ്ചസാരയും ഇല്ലേയില്ല

Jaihind Webdesk
Friday, December 22, 2023


സബ്‌സിഡി ഉത്പന്നങ്ങള്‍ പകുതിപോലുമില്ലാതെ സ്‌പ്ലൈകോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ . 6 ജില്ലകളില്‍ ഫെയറുകള്‍ തുടങ്ങിയെങ്കിലും സബ്‌സിഡിയുള്ള 13 ഉത്പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് എത്തിക്കാനായത് . പഞ്ചസാര ഒഴികെയുള്ള മുഴുവന്‍ ഉത്പന്നങ്ങളും ഉടന്‍ എത്തുമെന്നാണ് അധികൃതരുടെ ഉറപ്പ്. വിലക്കിഴിവ് പ്രതീക്ഷിച്ചെത്തിയ ഉപഭോക്താക്കളേറെയും നിരാശരായി. കടലയും മല്ലിയും ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് വിലക്കുറവില്‍ ഫെയറിലുള്ളത്. അരിയും പഞ്ചസാരയും ഇല്ലേയില്ല. 13ല്‍ പഞ്ചസര ഒഴികെയുള്ള 12 ഉല്‍പന്നങ്ങളും ഉടന്‍ കിട്ടുമെന്ന് സപ്ലൈകോ അധികൃതരുെട ഒരുറപ്പുണ്ട് . ഉപഭോക്താക്കള്‍ പക്ഷേ അത്ര ഉറപ്പിലല്ല മടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ക്രിസ്മസ് ന്യൂയിയര്‍ ഫെയറുകളുള്ളത് . എല്ലായിടത്തും എറെകുറേ ഇതുതന്നെ സ്ഥിതി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയിലും മാറ്റംവരുത്തുമെന്നൊരു പ്രചാരണമുണ്ടായിരുന്നു. സാധനമില്ലെങ്കിലും വിലയില്‍ എന്തായാലും മാറ്റം വരുത്തിയിട്ടില്ല. കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്നുള്ള വിതരണക്കാരുടെ സിസഹകരണവും ഉല്‍സവകാലത്തെ സാധനങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട് .കഴിഞ്ഞ ക്രിസ്മസിന് അഞ്ചിടത്തായിരുന്നു ഫെയറെങ്കില്‍ ഇക്കുറിയത് ആറാക്കി ഉയര്‍ത്തി എന്നതുമാത്രമാണ് പുതുമ.