ജനാധിപത്യത്തെ കശാപ്പ് ചെയ്ത് മോദി സര്‍ക്കാര്‍; രാജ്ഭവനിലേക്ക് യുഡിഎഫിന്റെ പ്രതിഷേധസമരം നാളെ

Jaihind Webdesk
Thursday, December 21, 2023

പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 22ന് രാവിലെ 9ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ എംപിമാര്‍ ഉള്‍പ്പെടെ കൂട്ട സസ്പെന്‍ഷനിലൂടെ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. കൂട്ട സസ്പെന്‍ഷനിലൂടെ പാര്‍ലമെന്റില്‍ ഉയര്‍ന്നത് ജനാധിപത്യത്തിന്റെ മരണമണി മുഴക്കമാണ്.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ മുഴുവന്‍ സംസ്ഥാന നേതാക്കളും എംഎല്‍എമാരും വെള്ളിയാഴ്ച രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലികുട്ടി,രമേശ് ചെന്നിത്തല,പിജെ ജോസഫ്,സിപി ജോണ്‍,ഷിബു ബേബി ജോണ്‍,അനൂപ് ജേക്കബ്,ജി.ദേവരാജന്‍,മാണി സി കാപ്പന്‍ എന്നിവരും രാജ്ഭവന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.