തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി മുതിർന്ന നേതാവ് സി കെ നാണു. ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും കാട്ടി സി കെ നാണു ഇടത് മുന്നണിക്ക് കത്ത് നൽകി. എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവർക്ക് എല്‍ഡിഎഫിൽ സ്ഥാനം ഇല്ലെന്നുമാണ് നാണുവിന്റെ കത്തില്‍ പറയുന്നത്. എല്‍ഡിഎഫ് കൺവീനർക്കാണ് സി കെ നാണു കത്ത് നൽകിയിരിക്കുന്നത്.
ഇതോടെ, കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനും നിലപാട് വ്യക്തമാക്കേണ്ടിവരും. നിലവില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നില്ല എന്ന നിലപാട് മാത്രമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അതേസമയം സി കെ നാണുവിനൊപ്പം പോയാല്‍ കൂറുമാറ്റ നിയമം ഉള്‍പ്പെടെ പയറ്റാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.
എച്ച് ഡി ദേവഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി കെ നാണു വിഭാഗത്തിന്റെ പുതിയ നീക്കം. കര്‍ണാടകയിലെ ജെഡിഎസ് മുന്‍ അധ്യക്ഷന്‍ സി.എം ഇബ്രാഹിമുമായി ചേര്‍ന്നാണ് സി കെ നാണുവിന്റെ കരുനീക്കങ്ങള്‍. രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും യഥാര്‍ത്ഥ ജെ ഡി എസ് തങ്ങളാണെന്ന് അവകാശപ്പെടാനാണ് നീക്കം. എന്നാല്‍ മാത്യു ടി തോമസ് നേതൃത്വം നല്കുന്ന സംസ്ഥാന ഘടകം സി കെ നാണുവിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.