പെരിയാറിൽ മുക്കിയത് തെളിവുകൾ; ആഭ്യന്തരവകുപ്പ് പരാജയം – അഡ്വക്കേറ്റ്പി. റഹിം എഴുതുന്നു

Wednesday, December 20, 2023

 

ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് സാക്ഷ്യം വഹിച്ചു മരവിച്ചു നിന്ന വണ്ടിപ്പെരിയാർ ഗ്രാമം തേങ്ങുകയാണ് ഇപ്പോൾ. മനസാക്ഷിയുടെ നിലവിളികൾ മുഴങ്ങുന്ന വണ്ടിപ്പെരിയാർ ഗ്രാമം പോലീസിന്‍റെ ബോധപൂർവമായ അനാസ്ഥയുടെയും വീഴ്ചകളുടെയും കുറ്റവാളികൾ രക്ഷപ്പെടണം എന്ന മുൻവിധിയുടെയും പുതിയ അധ്യായമാണ് നിയമ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സർക്കാരിന്‍റെ രാഷ്ട്രീയ താൽപര്യത്തിൽ കുറ്റവാളികൾ രക്ഷപ്പെടുന്ന രീതിയിലുള്ള അന്വേഷണം നടത്തുന്ന ഒരു പോലീസ് സംവിധാനമാണ്, കുറ്റാന്വേഷണ സംവിധാനമാണ് സ്ഥാനത്ത് ഇപ്പോൾ വാഴുന്നത്.

പ്രതിക്കുവേണ്ടി പ്രോസിക്യൂഷൻ തന്നെ വാദിക്കുന്ന ഒരു കേസിന് ഇന്നലെ തലസ്ഥാനം നഗരിയിലെ ഒരു മജിസ്ട്രേറ്റ് കോടതിയും സാക്ഷ്യം വഹിച്ചു. ഗവർണർക്കെതിരെ നടന്ന അക്രമത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദത്തിൽ ആയിരുന്നു നിയമാധിഷ്ഠിതമായ ഉത്തരവാദിത്വം മറന്നുകൊണ്ട് പോലീസും പ്രോസിക്യൂഷനും അവരുടെ കേസിനെതിരെ തന്നെയുള്ള വാദങ്ങൾ ഉന്നയിച്ചു പ്രതികൾക്ക് ജാമ്യം ലഭ്യമാക്കാൻ ശ്രമിച്ചത്. വണ്ടിപ്പെരിയാറിൽ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഘാതകന് പൂർണ്ണ പരിരക്ഷ നൽകുന്ന രീതിയിലായിരുന്നു അന്വേഷണം നടന്നത് എന്ന് കോടതി അക്കമിട്ട് നിരത്തിയ അന്വേഷണത്തിലെ വീഴ്ചകളിൽ നിന്ന് മനസിലാക്കാൻ കഴിയും. അന്വേഷണത്തിൽ ഉണ്ടായ വീഴ്ച അറിയാതെ വന്നതല്ല. ബോധപൂർവം ആ വീഴ്ച ഉണ്ടാക്കിയതാണ്. പ്രതി രക്ഷപ്പെടണം എന്ന ഉദ്ദേശം അന്വേഷണത്തിൽ ഉടനീളം ഉണ്ടായി എന്ന് വ്യക്തമാകുന്ന രീതിയിലാണ് ഈ വീഴ്ചകളെ കോടതി വിലയിരുത്തിയത്. പ്രതിയെ വെറുതെ വിട്ടെങ്കിലും നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന്‍റെ തിളങ്ങുന്ന മുഖമാണ് വിധിയിലൂടെ നിയമ ലോകം ദർശിക്കുന്നത്.

പ്രതിക്കെതിരെ സാഹചര്യ തെളിവുകളും സംശയിക്കുന്ന വിവരങ്ങളും മാത്രമാണ് അന്വേഷണ സമയത്ത് പോലീസിന്‍റെ പക്കൽ ഉണ്ടായിരുന്നത്. ആ തെളിവുകൾക്ക് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ബലമേകാൻ അന്വേഷകർക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ് എന്ന സംശയം പ്രതിക്ക് രക്ഷ കിട്ടണം എന്ന മുൻവിധിയോടെ ആയിരുന്നുവോ എന്നതാണ് മുഖ്യ ചോദ്യം. കേസുകൾ അന്വേഷിച്ച് തഴക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് കേരള പോലീസിന്‍റെ കുറ്റാന്വേഷണ വിദഗ്ധർ. ഇവിടെ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും അതിന് ഉപോൽബലകമായ  ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ തടഞ്ഞത് ആരാണ്? അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിൽ നിന്ന് പിൻവാങ്ങി നിന്നത് ആരുടെയൊക്കെ നിർദ്ദേശം അനുസരിച്ചാണ്? ഇക്കാര്യത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ? ആരുടെ താൽപര്യ സംരക്ഷണമാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാത്തതിലൂടെ നടന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ കഴിയൂ.

സാഹചര്യ തെളിവുകൾ പോലും ഇല്ലാത്ത നിരവധി കേസുകൾ ശാസ്ത്രീയ തെളിവുകളിലൂടെ തെളിയിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ള പോലീസ് ആണ് കേരളത്തിലെ പോലീസ്. കുറ്റന്വേഷണത്തിലെ പ്രാഥമിക പാഠമാണ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും. അത് മറന്നുള്ള ഒരു കുറ്റാന്വേഷണത്തിന് എന്തുകൊണ്ട് പോലീസ് തയാറായി? ആരൊക്കെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് നിയമസംവിധാനത്തിന്‍റെ തന്നെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. വീഴ്ചകളിൽ നിന്ന് മാറിനിൽക്കാൻ പ്രോസിക്യൂഷനും കഴിയില്ല.കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കോടതി കണ്ടെത്തി. പീഡനം നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തി. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ ഈ കുറ്റങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നും കോടതി കണ്ടെത്തി. കോടതിയുടെ കണ്ടെത്തലുകൾ മൊത്തത്തിൽ പരിശോധിച്ചാൽ വിധി ന്യായയുക്തമാണ് എന്ന് കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാകുന്നില്ല. തെളിവില്ലെങ്കിൽ കോടതിക്ക് വെറുതെ വിടാനേ കഴിയൂ. ഇതാണ് വണ്ടിപ്പെരിയാർ കേസിലും സംഭവിച്ചത്.

കൃത്യം നടന്നതിന്‍റെ അടുത്ത ദിവസം ഉച്ചയ്ക്ക് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം പരിശോധിക്കാൻ വണ്ടിപ്പെരിയാറിൽ പോയത്. തെളിവുകൾ ശേഖരിക്കുന്നതിനുള്ള ഏറ്റവും വലിയ വീഴ്ചയാണ് സംഭവിച്ചത്. പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥലത്ത് നിന്ന് രക്തം മലം മൂത്രം എന്നിവ കണ്ടെത്തേണ്ടത് ആണെങ്കിലും അതേക്കുറിച്ച് യാതൊരു അന്വേഷണവും പോലീസ് നടത്തിയില്ല. സംഭവം നടന്ന മുറിയിൽ ഉണ്ടായിരുന്ന കിടക്കവിരി, ടവ്വൽ, കത്തി എന്നിവമുദ്ര വെക്കാതെയാണ് കസ്റ്റഡിയിൽ എടുത്തത് എന്നതിൽ നിന്നുതന്നെ പ്രാരംഭ ഘട്ടത്തിൽ തന്നെ അന്വേഷണത്തിന് പാളിച്ച ഉണ്ടായി എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത്. അലമാരയും പരിസരവും വസ്ത്രങ്ങളും അവിടെ നിന്നുള്ള വിരലടയാള ലഭ്യതയും പരിശോധിക്കാൻ പോലീസ് മെനക്കെട്ടില്ല. സ്ഥലത്ത് വിരലടയാള വിദഗ്ധരുടെ പരിശോധന നടത്താൻ പോലും പോലീസ് മെനക്കെട്ടില്ല എന്നതിൽ നിന്ന് എത്ര ലാഘവത്തോടെയാണ് കേസ് അന്വേഷിച്ചത് എന്ന് മനസിലാക്കാൻ കഴിയും. സാക്ഷി മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിച്ചില്ല എന്ന് മാത്രമല്ല പ്രതിയുടെ കുറ്റസമ്മതം തല്ലിയും ഭീഷണിപ്പെടുത്തിയും സഹോദരിയെ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ആണെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിഷേധിക്കാൻ പോലും കഴിഞ്ഞില്ല എന്നത് വളരെ ദയനീയമാണ്.

തെളിവെടുപ്പിനിടെ പ്രതി കാണിച്ചുകൊടുത്ത തെളിവുകൾ മുൻകൂട്ടി നൽകിയ മൊഴിയിലുള്ളവ മാത്രമായിരുന്നു. വേറെ തെളിവുകൾ ഒന്നും ശേഖരിക്കാൻ പോലീസ് മെനക്കെട്ടില്ല. എന്തിന്, സ്ഥലത്ത് വിരലടയാള വിദഗ്ധരുടെ പരിശോധന നടത്താൻ പോലും ഒരു നടപടിയും പോലീസ് എടുത്തില്ല. കുറ്റകൃത്യം നടന്ന മുൻവശത്തും പിൻവശത്തും വാതിലുകൾ ഉള്ളതാണ്. നടത്തിയ ശേഷം പ്രതി പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങാനുള്ള സാധ്യത പോലും പോലീസ് പരിശോധിച്ചില്ല എന്നതിൽ നിന്ന് തന്നെ പോലീസിന്‍റെ അലസ മനോഭാവം കേസന്വേഷണത്തിൽ ഉടനീളം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ആറു വയസുള്ള ഒരു പെൺകുട്ടി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലുള്ള ഒരു അന്വേഷണം പോലും നടത്താൻ പോലീസിന് കഴിയാതെ പോയത് ആഭ്യന്തരവകുപ്പിന്‍റെ മൊത്തത്തിലുള്ള ഒരു പരാജയമാണ്. നിർഭയമായി കുറ്റകൃത്യങ്ങൾ നടത്തിക്കൊള്ളൂ, നിങ്ങൾ രക്ഷപ്പെടും എന്ന ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തിലെ പ്രതി ശരിയായ രീതിയിൽ അന്വേഷണം നടക്കാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന ഒരു പ്രതിഭാസമാണ് സംസ്ഥാനത്ത് ഈ കേസ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭാ കയാങ്കളി കേസിലും പ്രതികൾക്ക് അനുകൂലമായി വാദിക്കാൻ തയാറാകാത്ത പ്രോസിക്യൂട്ടറെ സ്ഥലം മാറ്റിയ ചരിത്രം ഉള്ള സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നീതിന്യായ പ്രക്രിയയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ സംസ്ഥാനത്ത് ആസൂത്രിതമായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെരിയാറിന്‍റെ കരയിൽ വണ്ടിപ്പെരിയാറിൽ തൊഴിലാളികൾക്ക് വേണ്ടി ഞാൻ പലതവണ ശബ്ദം ഉയർത്തുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ശാന്ത സുന്ദരമായ വണ്ടിപ്പെരിയാറിന്‍റെ ആത്മാവിന് മറക്കാനും പൊറുക്കാനും കഴിയുമോ പെരിയാറിൽ മുക്കി കളഞ്ഞ തെളിവുകളെ. നമുക്ക് കേഴാം. നീതിക്കായി കേഴാം.

-അഡ്വ. പി. റഹിം-