ന്യൂഡൽഹി: പാർലമെന്‍റിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്‍റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി.
സുരക്ഷാ വീഴ്ചയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി 142 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം. ഇതിനു പിന്നാലെയാണ് അസാധാരണമായ നടപടി സ്വീകരിച്ചത്.
പ്രതിപക്ഷ മുക്തമായ പാർലമെന്‍റ് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ആക്ഷേപം. അക്രമികള്‍ക്ക് പാസ് അനുവദിച്ച ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുന്നുവെന്നും അക്രമത്തിനെതിരെ പ്രതിഷേധിച്ചവർ പാർലമെന്‍റിന് പുറത്തായെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.