ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല ജനാധിപത്യ വിരുദ്ധം, അഭിമാനമുണ്ട്; സസ്പെൻഡ് ചെയ്തതില്‍ പ്രതികരണവുമായി കെ സുധാകരന്‍

Jaihind Webdesk
Tuesday, December 19, 2023

കേന്ദ്ര സർക്കാരിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി. പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് ലോക് സഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലയാണ് വിമർശനം. ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്പെൻഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യത്തിന്‍റെ ഇരകളായി സസ്പെൻഡ് ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നും പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിക്കുമെന്നുംസുധാകരന്‍ കൂട്ടിച്ചേർത്തു.

അതേസമയം പാർലമെന്‍റില്‍ നിന്ന്  ശശി തരൂര്‍, അടൂർ പ്രകാശ് തുടങ്ങിയവരെയും മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള 49 പേരെയുമാണ് ഇന്ന് ലോക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇതോടെ പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 141 ആയി.