പാർലമെന്‍റില്‍ വീണ്ടും കൂട്ട സസ്പെന്‍ഷന്‍; ലോക്സഭയില്‍ 50 പ്രതിപക്ഷ എംപിമാർക്കെതിരെ കൂടി നടപടി

Jaihind Webdesk
Tuesday, December 19, 2023

 

ന്യൂഡല്‍ഹി: പാർലമെന്‍റിനെ പ്രതിപക്ഷമുക്തമാക്കി മോദി സർക്കാർ. പാർലമെന്‍റിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാർക്ക് വീണ്ടും കൂട്ട സസ്പെന്‍ഷന്‍.  ലോക്സഭയില്‍ 50 എംപിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. ശശി തരൂർ, കെ. സുധാകരന്‍, അടൂർ പ്രകാശ്, അബ്ദുസമദ് സമദാനി, പി.പി. മുഹമ്മദ് ഫൈസൽ എന്നിവരുള്‍പ്പെടെ 50 പേർക്കെതിരെയാണ് നടപടി. ഇതോടെ ഇതുവരെ 142 പേരാണ് സസ്പെന്‍ഷനിലായത്.

പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പാർലമെന്‍റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പാര്‍ലമെന്‍റില്‍ രണ്ടു പേര്‍ക്ക് അതിക്രമിച്ചുകയറാന്‍ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാര്‍ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരുൾപ്പെടെ പ്രതിപക്ഷ എംപിമാർ ഇന്ന് രാവിലെ പാർലമെന്‍റിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാർലമെന്‍റിലുണ്ടായ സുരക്ഷാ വീഴ്ചയിലും എംപിമാരെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ധർണ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്.

പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കൂട്ട സസ്പെന്‍ഷന്‍. സുരക്ഷാ വീഴ്ചയില്‍ അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് ലോക്‌സഭയിലും രാജ്യസഭയിലും എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. പാര്‍ലമെന്‍റ് ചരിത്രത്തിലെ ഞെട്ടിക്കുന്ന നടപടിക്കും ജനാധിപത്യത്തിലെ കറുത്ത ദിനത്തിനുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.