തോമസ് ചാഴിക്കാടനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ കേരളാ കോണ്‍ഗ്രസിനുള്ള അതൃപ്തി കണക്കിലെടുക്കാതെ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ മുന്നണി മാറ്റത്തിനുള്ള ഒരു നിലപാടും കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് സിപിഎം പ്രതീക്ഷ. അതേസമയം കേരളകോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം ശക്തമാണ്. പാര്‍ട്ടി തട്ടകമായ പാലായിലെ പ്രസംഗം ഇത്തിരി കടന്ന് പോയിയെന്നാണ് കേരളാ കോണ്‍ഗ്രസ് അണികള്‍ പരക്കെ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കടുത്ത അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി വൈസ് ചെയര്മാന് പരസ്യമായി അപമാനിതനായിട്ടും ജോസ് കെ മാണി അടക്കം തുടരുന്ന മൗനവും പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നുണ്ട്. ഇടതുമുന്നണി യോഗത്തിന് മുന്നിലേക്ക് മുഖ്യമന്ത്രിയുടെ പാലാ പമരാമര്ശം എത്തിച്ചാലും കേരളാ കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല. ഘടകക്ഷികള്‍ക്കോ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ കേരളാ കോണ്‍ഗ്രസിനോട് അത്ര പ്രതിപത്തി പോര. മാത്രമവുമല്ല ജോസ് കെ മാണിയോടും കൂട്ടരോടും എന്തെങ്കിലുമൊരു അനുകൂല സമീപനം ഉള്ളത് പിണറായിക്ക് മാത്രമാണ്. ഫലത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ കാര്യമായൊന്നും പറയാനും വയ്യ എന്ന അവസ്ഥയിലാണ് തെരഞ്ഞെടുപ്പ് കാലത്തെ കേരളകോണ്‍ഗ്രസിന്റെ സ്ഥിതി.