ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ . കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ കാലിക്കറ്റ് സർവകലാശാല യിൽ നടക്കുന്ന സെമിനാറിൽ ഗവർണർ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ‘ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.
ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് ക്യാമ്പസ്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകളില്‍ കോപാകുലനായ ഗവർണർ പോലീസിനെ ഉപയോഗിച്ച് ബാനറുകള്‍ ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയിരുന്നു. വൈകിട്ട് 6.30ന് മാധ്യമങ്ങളെ കണ്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഒരു ബാനർ അഴിച്ചു നീക്കിയാൽ 100 ബാനർ ക്യാമ്പസിനകത്ത് ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ തന്നെ നേരിട്ടെത്തി അഴിപ്പിക്കുകയായിരുന്നു. പകരം ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചു. ഇന്ന് സെമിനാറില്‍ ഗവർണർ പങ്കെടുക്കാനിരിക്കെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഗവർണർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.