വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷിക്കണം, അട്ടിമറിച്ചവർക്കെതിരെ നടപടി വേണം: പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി മഹിളാ കോണ്‍ഗ്രസ്

Jaihind Webdesk
Sunday, December 17, 2023

 

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സിപിഎം നേതാവിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗംനടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

കെപിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ഡിജിപി ഓഫീസിനു സമീപം പോലീസ് തടഞ്ഞു. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാർച്ചിന് നേതൃത്വം നൽകിയ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി പറഞ്ഞു. പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവു മുണ്ടായി. വണ്ടിപ്പെരിയാർ സംഭവത്തിൽ പോലീസും സർക്കാരും നടത്തിയ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പോലീസ് ആസ്ഥാനത്തിനു മുന്നിൽ ഉയർത്തിയത്.