പിണറായി വിജയന്‍ എന്നും മുഖ്യമന്ത്രി ആയിരിക്കില്ല; പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, December 15, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ സംഘം ക്രൂരമായി മർദ്ദിച്ചതില്‍ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്‍ എന്നും മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പോലീസിലെ ക്രിമിനലുകള്‍ ഓർക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം ഗുണ്ടായിസം ആവർത്തിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. .

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്‍റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ്‌യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്.

പോലീസിലെ കൊടും ക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്മാരും. ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കും. എല്ലാ കാലത്തും പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ഓര്‍ക്കണം.