ശബരിമലയിലെ വരുമാനത്തില്‍ കുറവ്; അരവണ അപ്പം വില്‍പ്പനയിലും ഇടിവെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

Jaihind Webdesk
Friday, December 15, 2023


ശബരിമലയിലെ ഈ വര്‍ഷത്തെ വരുമാനത്തില്‍ വലിയ കുറവ്. 28 ദിവസത്തെ കണക്ക് പുറത്തുവിട്ടപ്പോള്‍ നടവരവില്‍ 20 കോടിയുടെയും, അരവണ വില്‍പ്പനയില്‍ 11 കോടിയുടെയും കുറവ് രേഖപ്പെടുത്തി. തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവാണ് വരുമാനത്തില്‍ പ്രതിഫലിച്ചെതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. അതേസമയം വാരാന്ത്യമായിട്ടും ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. ഈ മണ്ഡലകാലത്ത് ചില ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായെങ്കിലും, പൊതുവില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ട്. ഈ കുറവ് വരുമാനത്തിലും പ്രതിഫലിച്ചു. 28 ദിവസത്തെ കണക്കുപുറത്ത് വിട്ടപ്പോള്‍ മുന്‍വര്‍ഷം 154 കോടി ആയിരുന്ന നടവരവ് ഈ വര്‍ഷം 134 കോടിയായി കുറഞ്ഞു. 20 കോടിയാണ് വ്യത്യാസം. അരവണ വില്പന 73 കോടിയില്‍ നിന്ന് 61 കോടിയിലെത്തി. 11 കോടി 84 ലക്ഷത്തിന്റെ കുറവ്. കാണിക്ക വരുമാനത്തില്‍ അഞ്ചു കോടിയുടെയും , അപ്പം വില്പനയില്‍ ഒന്നരക്കോടിയുടെയും കുറവുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കോവിഡിനും , പ്രളയത്തിനും ശേഷമുള്ള മണ്ഡലകാലമായതിനാല്‍ വലിയ വരുമാനം ഉണ്ടായെന്നും, ഈ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവാണ് വരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.