2,000 കോടി കൂടി കടമെടുക്കാന്‍ പിണറായി സർക്കാർ; പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കും, ക്ഷേമ പെന്‍ഷനിലും ഉറപ്പില്ല

Jaihind Webdesk
Friday, December 15, 2023

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പിടിച്ചുനിൽക്കാൻ കേരളം അടുത്തയാഴ്ച 2000 കോടി രൂപ വായ്പ എടുക്കും. അടുത്ത മൂന്നു മാസത്തേക്ക് ആകെ കടമെടുക്കാൻ അവശേഷിക്കുന്ന 5000 കോടിയിൽ നിന്നാണ് 2000 കോടി ചൊവ്വാഴ്ച കടമെടുക്കുന്നത്.

കിഫ്ബിയും പെൻഷൻ കമ്പനിയും കടമെടുത്ത 3140 കോടി ഈ സാമ്പത്തിക വർഷം കേരളത്തിന്‍റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറച്ച നടപടി കേന്ദ്രം താല്കാലികമായി മരവിപ്പിച്ചതോടെയാണ്കടമെടുക്കാൻ വഴിതുറന്നത്. ഇതോടെയാണ് ചൊവ്വാഴ്ച 2000 കോടി രൂപ കടമെടുക്കാൻ കേരളം തീരുമാനിച്ചത്. അടുത്ത മൂന്നു മാസത്തേക്ക് ആകെ കടമെടുക്കാൻ
കേരളത്തിന് അവശേഷിച്ചിരുന്ന 5000 കോടിയിൽ നിന്നാണ് 2000 കോടി രൂപകടമെടുക്കുക. ഈ പണം ഉപയോഗിച്ച് ക്ഷേമ പെൻഷൻ ഉൾപ്പെടെ നൽകുന്നതിന് ധനകാര്യവകുപ്പ് ആലോചിക്കുന്നെങ്കിലും സംസ്ഥാനത്തിന്‍റെ മൊത്തം സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

ഈ സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി 30,000 കോടി എങ്കിലും വേണമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ തുക കണ്ടെത്താനാകാതെ നെട്ടോട്ടത്തിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായിപദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ സാരമായി ബാധിക്കും.