രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കും; സമാന്തരയോഗം ചേര്‍ന്ന് അക്കാദമിയിലെ 9 അംഗങ്ങള്‍

Jaihind Webdesk
Thursday, December 14, 2023

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒമ്പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്ത് നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം. അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളില്‍ ഒമ്പത് പേരാണ്, ഐഎഫ്എഫ്കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടഗോര്‍ തീയറ്ററില്‍ സമാന്തര യോഗം ചേര്‍ന്നത്. ഐഎഫ്എഫ്കെ നടക്കുന്നതിനാല്‍ പരസ്യമായി രംഗത്തുവരേണ്ടെന്നാണ് ഇവരുടെ തീരുമാനം. അതേസമയം ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. രഞ്ജിത്തിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവകേരള സദസ് തീര്‍ന്നാലുടന്‍ രഞ്ജിത്തുമായി നേരിട്ടു കാണുന്നുണ്ടെന്നാണ് സജി ചെറിയാന്‍ വ്യക്തമാക്കിയത്. ഡോ.ബിജുവിനെതിരെയും നടന്‍ ഭീമന്‍ രഘുവിനെതിരെയും രഞ്ജിത് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം ഡോ.ബിജു രാജിവച്ചിരുന്നു.