ലോക്‌സഭയിലെ സുരക്ഷാവീഴ്ച; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, അഞ്ച് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

Jaihind Webdesk
Thursday, December 14, 2023


ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയ്ക്ക് അകത്ത് പ്രതിഷേധിച്ച് അഞ്ച് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജ്യോതി മണി തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാവിലെ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമായ ഇന്നലെയാണ് ആറുപേരടങ്ങുന്ന സംഘം പാര്‍ലമെന്റ് വളപ്പില്‍ അതിക്രമിച്ച് കടക്കുകയും രണ്ടുപേര്‍ ലോക്‌സഭയ്ക്കുള്ളില്‍ പുകയാക്രമണം നടത്തുകയും ചെയ്തത്. ഇവരില്‍ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ വീഴ്ചയില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി.മനോരഞ്ജനാണെന്നും ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്‌കൂള്‍ അധ്യാപകനായ ലളിത് ഝായ്ക്ക് നിര്‍ദേശം നല്‍കിയത് ഇയാളാണെന്നും ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. നക്‌സല്‍ ഗ്രൂപ്പുകളുടെ രീതി അവലംബിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറയുന്നു. ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മനോരഞ്ജനെന്നും എംപിയുടെ മണ്ഡലത്തില്‍നിന്നുള്ള വ്യക്തിയെന്ന പരിഗണനയാണ് ലഭിച്ചതെന്നും പോലീസ് കണ്ടെത്തി.