തലസ്ഥാന നഗത്തില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല; കൗണ്‍സില്‍ഹാളില്‍ തിരി കത്തിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

Jaihind Webdesk
Thursday, December 14, 2023


തിരുവനന്തപുരം നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പകല്‍ വെളിച്ചത്തില്‍ തിരി കത്തിച്ചാണ് പ്രതിഷേധിച്ചത്. വിളക്കുകള്‍ കത്താത്തതില്‍ ജനങ്ങളുടെ ദുരിതം എണ്ണിപ്പറഞ്ഞ് ബിജെപി കൗണ്‍സിലര്‍മാരും പിന്നീട് പ്രതിഷേധിച്ചു്. കുന്നുകുഴി കൗണ്‍സിലര്‍ മേരി പുഷ്പമാണ് പ്രതിഷേധത്തിരി കത്തിച്ചത്. ആക്കുളം കൗണ്‍സിലര്‍ എസ് സുരേഷ് കുമാറും ഒപ്പം കൂടി. പിന്നെ യുഡിഎഫ് അംഗങ്ങളെല്ലാവരും സീറ്റുകളില്‍ തിരി കത്തിച്ച് വച്ചു. നഗരം ഇരുട്ടിലാണെന്നും മേയര്‍ ശ്രദ്ധിക്കണമെന്നും വിളിച്ചു പറഞ്ഞു. പ്രതിഷേധം കൗണ്‍സില്‍ ഹാളിനു പുറത്ത് നടത്തണമെന്ന് മേയര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലര്‍മാര്‍ വഴങ്ങിയില്ല.

പാര്‍ലമെന്റ് ആക്രമണം പോലെ വല്ലതും പ്രതിപക്ഷ അംഗങ്ങള്‍ പ്‌ളാനിടുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ഡിആര്‍ അനില്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവും പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധക്കാരെ അവഗണിച്ച് കൗണ്‍സില്‍ നടപടികളിലേയ്ക്ക് മേയര്‍ കടന്നു. വിവിധ വാര്‍ഡുകളിലെ കൂരിരിട്ടിനെപ്പറ്റി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിക്കുന്നതാണ് പിന്നെക്കേട്ടത്. തെരുവു വിളക്കുകളില്‍ കേടായവ ഒരു മാസത്തിനകം നന്നാക്കുമെന്നും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മേടയില്‍ വിക്രമന്‍ മറുപടി നല്‍കി.