കൽപ്പറ്റ: വയനാട് വാകേരിയില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചില്‍ നാലാം ദിവസവും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പ്രദേശത്തെ കോഴി ഫാം തകര്‍ത്ത കടുവയുടേതടക്കം പ്രദേശത്തു കണ്ട കാല്‍പാടുകളെല്ലാം ഒരേ കടുവയുടേതാണെന്ന് വനപാലക സംഘം സ്ഥിരീകരിച്ചു. അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവർ ഇന്ന് കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീട് സന്ദർശിച്ചു കടുവക്കായുള്ള ഊര്‍ജിത തിരച്ചില്‍ തുടരുമ്പോഴും നാലാം ദിവസവും പ്രദേശത്ത് കടുവയെത്തിയെന്നത് കടുത്ത ആശങ്കയാണ് പ്രദേശവാസികള്‍ക്കുണ്ടാക്കുന്നത്.
പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന്‍റെ 200 മീറ്റര്‍ അകലെയാണ് കടുവയെത്തിയ കോഴി ഫാം. മരിച്ച പ്രജീഷിന്‍റെ കുടുംബത്തിനനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന് വീട് സന്ദര്‍ശിച്ച രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പരിമിതികള്‍ ചൂണ്ടിക്കാട്ടിയ മുന്‍ മന്ത്രി കെ കെ ശൈലജ, ചെയ്യാവുന്നതിന്‍റെ പരമാവധി സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞതായി വിശദീകരിച്ചു.
ഡ്രോണും ലൈവ് സ്ട്രീം ക്യാമറകളുമടക്കമുപയോഗിച്ച് നിരീക്ഷിച്ചിട്ടും മയക്കുവെടി വിദഗ്ധരടക്കടക്കമുള്ള വനപാലക സംഘം നാല് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താനായിട്ടില്ല. കോഴിഫാം ആക്രമിച്ച പ്രദേശത്ത് പുതിയ കൂടും വിവിധയിടങ്ങളില്‍ ക്യാമറകളും സ്ഥാപിച്ച് തിരച്ചില്‍ വിപുലീകരിച്ചിരിക്കുകയാണ് വനം വകുപ്പ്.