തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ട ചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മുതൽ ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ടെടുപ്പ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ഓസ്കർ എൻട്രി ചിത്രങ്ങൾ ഉൾപ്പെടെ 67 ചിത്രങ്ങളാണ് ഇന്നും മേളയുടെ അരങ്ങിൽ എത്തുക.
രാജ്യന്തര ചലച്ചിത്രമേള ആറാം ദിനത്തിലേക്ക് കടക്കുമ്പോൾ മേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന ‘ഗുഡ്ബൈ ജൂലിയ’ ഉൾപ്പെടെ 49 ചലച്ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്ന് നടക്കും. പതിനൊന്നുകാരിയായ സഫാൻ നേരിടുന്ന ഭയാനകമായ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കി നവാഗത സംവിധായിക അമാൻഡ നെല്ലിയു ഒരുക്കിയിരിക്കുന്ന മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’ ഇന്ന് സ്ക്രീനിൽ എത്തും . രാത്രി 12 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
മത്യാസ് ബിസിന്‍റെ ‘ദ പണിഷ്മെന്‍റ്’, ഫ്രാൻസിന്‍റെ ഓസ്കർ പ്രതീക്ഷയായ ‘അനാട്ടമി ഓഫ് എ ഫാൾ’ ഉൾപ്പെടെ 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടു ചെയ്യാം. ആപ്പിൾ ചെടികൾ, നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത്, അദൃശ്യ ജാലകങ്ങൾ, ഹോം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളും ഇന്ന് അരങ്ങുണർത്തും.