കോട്ടയം: നവകേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ ഇടപെടുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര സർക്കാരിന്റെ നീക്കം സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്. വായ്പ എടുക്കുന്നത് ഖജനാവിൽ സൂക്ഷിക്കാനല്ല. അത് വിവിധ പദ്ധതികൾക്ക് ചെലവഴിക്കാനാണ്. ഇത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ചലനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് ചുറ്റുമുള്ള കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം. നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാന്‍ നിർദേശം നല്‍കിയിരിക്കുന്നത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നൽകിയതെന്നാണ് പോലീസിന്റെ വിശദീകരണം.