ബംഗളുരു-കോഴിക്കോട് യാത്രാക്ലേശം പരിഹരിക്കണം; ലോക്സഭയിൽ ആവശ്യമുന്നയിച്ച് എം.കെ. രാഘവൻ

Jaihind Webdesk
Tuesday, December 12, 2023

ന്യൂഡൽഹി: ബംഗളുരു-കോഴിക്കോട് യാത്രാക്ലേശം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.കെ. രാഘവൻ എംപി ലോക്സഭയിയിൽ ആവശ്യപ്പെട്ടു. യാത്രാക്ലേശം പരിഹരിക്കാൻ ബാംഗ്ലൂരിൽ നിന്നും കണ്ണൂർ വരെ സർവീസ് നടത്തുന്ന 16511/12 ട്രെയിന്‍ കോഴിക്കോട് വരെ നീട്ടുക, പുതിയ സർവീസ് ആരംഭിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് ശൂന്യവേളയിൽ ഉന്നയിച്ചത്.

വടക്കൻ കേരളത്തിൽ നിന്നും ബംഗളുരുവിലേക്ക് അതിരൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. നിലവിൽ കോഴിക്കോട് വഴി ബംഗളുരുവിലേക്ക് ദിവസവും ഒരു സർവീസ് മാത്രാണുള്ളത്. ഇത് ഈ റൂട്ടിലെ യാത്രക്കാരെ ഉൾകൊള്ളുന്നതിന് പര്യാപ്തമല്ല. ട്രെയിൻ സർവീസുകളുടെ അഭാവത്തിൽ യാത്രക്കാർ ബസ് ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ബംഗളുരുവിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലെത്തിച്ചേരുന്ന 16511 ട്രെയിൻ കോഴിക്കോട് വരെ നീട്ടുകയും, തിരിച്ച് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്താൽ യാത്രാക്ലേശത്തിന് ചെറിയതോതിലെങ്കിലും പരിഹാരമാകുമെന്ന് എം.കെ. രാഘവന്‍ എംപി ചൂണ്ടിക്കാട്ടി. വൈകുന്നേരങ്ങളിൽ കോഴിക്കോട് നിന്നും വടക്കോട്ടേക്കുള്ള തിരക്ക് കുറക്കാൻ ഉപകരിക്കുകയും ചെയ്യും. ട്രെയിൻ നീട്ടാനായി നിരവധി തവണ എംപി ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശം സതേൺ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അനുമതിക്കായി റെയിൽവേ ബോർഡിന് മുമ്പാകെ സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതി ലഭ്യമായിട്ടില്ല.

കോഴിക്കോട് വഴി ബംഗളുരുവിലേക്ക് എക്സ്പ്രസ് ട്രെയിൻ സർവീസോ വന്ദേ ഭാരത് സർവീസോ പുതുതായി ആരംഭിക്കണമെന്ന ആവശ്യവും എംപി ഉന്നയിച്ചു. തിരുവനന്തപുരം ഡിവിഷനിൽ 12 മെമു സർവീസുകൾ നടത്തുമ്പോള്‍ പാലക്കാട് നിന്ന് വടക്കോട്ടേക്ക് ഒരു മെമു മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് മലബാറിലെ യാത്രക്കാരോടുള്ള അനീതിയാണെന്നും യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് നിന്ന് വടക്കോട്ടേക്ക് കൂടുതൽ മെമു സർവീസുകൾ അനുവദിക്കണമെന്നും എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടു.