തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഷഹനയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിതാവിനെ കണ്ടെത്താനാകാതെ പോലീസ്. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസിൽ പ്രതി ചേർത്തത്. തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പിതാവ് ഒളിവിൽ പോയ വിവരം പോലീസ് അറിഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. പ്രതി അതീവ ഗൗരവമുള്ള കുറ്റമാണ് ചെയ്തതെന്ന് നിരീക്ഷിച്ചാണ് കോടതി റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.