സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

Jaihind Webdesk
Friday, December 8, 2023

 

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹ‍ൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു കാനം. കാനത്തിന്‍റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം ഇത് രൂക്ഷമാക്കിയതോടെ അടുത്തിടെ ഇടതു കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനത്തിന്‍റെ രാഷ്ട്രീയ പ്രവേശം. കേരളത്തിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹിയെന്ന നേട്ടം കാനത്തിന് സ്വന്തമാണ്. പത്തൊമ്പതാം വയസില്‍ അദ്ദേഹം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 21–ാം വയസിൽ സിപിഐ അംഗമായി. 26–ാം വയസിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംനേടി.

1982-ലും 87-ലും വാഴൂർ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കാനം നല്ല നിയമസഭാ സാമാജികനെന്ന പേര് നേടി. തൊഴിലാളി ജീവിതം നേരിട്ടറിഞ്ഞ് അനുഭവമുള്ള കാനം നിയമസഭയിൽ നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു. 1991-ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996-ൽ കെ. നാരായണക്കുറുപ്പിനോടും 2006-ൽ അദ്ദേഹത്തിന്‍റെ മകൻ എൻ. ജയരാജിനോടും പരാജയപ്പെട്ടു. അതോടെ പൂർണ്ണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.