തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തത്. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ റുവൈസിനെ ഇന്ന് പുലർച്ചയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്തതിന് ശേഷമായിരുന്നു പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം റുവൈസ് സ്ത്രീധനം ചോദിച്ചതിനുള്ള തെളിവുകൾ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. ‘അവരുടെ സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം…. അവസാനിപ്പിക്കുകയാണ് എല്ലാം’- എന്നു കുറിച്ച ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങളും റുവൈസിനയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളുമാണ് പോലീസ് കണ്ടെത്തിയത്. ഇത്രയധികം സ്ത്രീധനം കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ കൈയിൽ നിന്ന് വൻതുക വാങ്ങുന്നത് റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്നും ഷഹന മരിക്കും മുമ്പ് കുറിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർതിഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.