കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. പ്രതികളുടെ മൊഴിയിലെ വിശ്വാസ്യത ഉറപ്പിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളുടെ മൊഴികളിലെ അവ്യക്തതയും സംശയങ്ങളും ഉള്‍പ്പെടെ നീക്കാനാണ് ശ്രമം. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്നാണ് ദൃക്സാക്ഷിയായ സഹോദരന് നല്കിയ മൊഴി. തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിനിടെയുള്ള മാനസികാവസ്ഥയിൽ തോന്നിയതാകാമെന്നാണ് പോ ലീസ് പറയുന്നത്.
നാലരക്കോടി ബാധ്യതയുണ്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്തിന് കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന ചോദ്യമാണ് പ്രധാനമായും അവശേഷിക്കുന്നത്. പത്തു ലക്ഷം രൂപയുടെ ബാധ്യത എത്രയും പെട്ടെന്ന് തീർക്കേണ്ടതായുള്ളത് കൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ ഈ മൊഴിയിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്താണ് അടിയന്തരമായി തീര്‍ക്കേണ്ട ബാധ്യതയെന്ന കാര്യത്തിലും വ്യക്തതയില്ല.
അതേസമയം ആറു വയസുകാരി പറഞ്ഞത് കൂടുതൽ ആളുകൾ വീട്ടിലുണ്ടായിരുന്നെന്നും പലരുടേയും മുഖം ഓർമ്മയില്ലെന്നുമായിരുന്നു. കുട്ടിയുടെ ഈ മൊഴി സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍ മൂന്ന് പ്രതികള്‍ മാത്രമാണ് തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പത്മകുമാർ പൂജപ്പുര ജയിലിലും ഭാര്യ അനിത കുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.