തെലങ്കാനയില്‍ കോണ്‍ഗ്രസിനോട് മുട്ടി പഞ്ചറായി ബിആർഎസിന്‍റെ കാർ; നാണംകെട്ട് ബിജെപി

Sunday, December 3, 2023

 

ഹൈദരാബാദ്: തെലങ്കാനയിൽ മൂന്നാം തവണയും അധികാരമെന്ന ബിആർഎസിന്‍റെയും കെ. ചന്ദ്രശേഖര റാവുവിന്‍റെയും സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നൽകി കോൺഗ്രസ്. ശക്തമായ ഭരണ വിരുദ്ധ വികാരത്തിൽ ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസ് തകർന്നടിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കണ്ടത്.

തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം നടത്തിയപ്പോൾ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണത് കെ. ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസ്. മൂന്നാം തവണയും ഭരണം തുടരാമെന്ന കെസിആറിന്‍റെ മോഹങ്ങൾക്കുമേലാണ് കോൺഗ്രസ് കാറ്റ് വീശിയത്. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് വിജയസാധ്യത പ്രഖ്യാപിച്ചപ്പോഴും കെ. ചന്ദ്രശേഖര റാവുവോ ബിആർഎസോ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ആകെയുള്ള 90 മണ്ഡലങ്ങളിലെ ഭൂരിഭാഗം എണ്ണത്തിലും തുടക്കം മുതൽ ലീഡ് ചെയ്തത് കോൺഗ്രസായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തെലങ്കാനയിലെ മികച്ച പ്രകടനം വലിയ നേട്ടം തന്നെയാണ്. അതിന് ചുക്കാൻ പിടിച്ചത് പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രവർത്തനവും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ തെലങ്കാനയെ ഇളക്കി മറിച്ചു. ജനകീയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് കളം നിറഞ്ഞതോടെ ബിആർഎസ് തകർന്നടിഞ്ഞു.

2014-ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെസിആർ അധികാരത്തിലേറിയത്. ഒരുകാലത്ത് മികച്ച സംഘടനാബലമുണ്ടായിരുന്ന കോൺഗ്രസിന്‍റെ അസ്ഥിവാരം തോണ്ടിക്കൊണ്ടായിരുന്നു കെസിആറിന്‍റെയും ബിആർഎസിന്‍റെയും പടയോട്ടം. എന്നാൽ ആ കുതിപ്പിന് മൂക്കുകയർ വീഴുന്ന കാഴ്ചയാണ് ഇന്ന് തെലങ്കാനയിൽ കണ്ടത്. ദേശീയ രാഷ്ട്രീയ മോഹവുമായി തെലങ്കാനയ്ക്ക് പുറത്തേക്ക് വളരാൻ ലക്ഷ്യമിട്ട് ടിആർഎസിനെ ബിആർഎസാക്കി മാറ്റി പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി കസേര ആഗ്രഹിച്ച കെസിആറിന്‍റെ പതനം ഈ തിരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളിൽ ഒന്നായി മാറുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച സോണിയാ ഗാന്ധിക്കാണ് കോൺഗ്രസ് ഈ വിജയം സമർപ്പിക്കുന്നത്. 2014 ഫെബ്രുവരിയിൽ പാർലമെന്‍റിൽ പാസാക്കിയ ബില്ലിന്‍റെ അടിസ്ഥാനത്തിലാണ് ഇതേവർഷം ജൂണിൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്.