‘റവന്യൂജില്ലാ കലാമേളയ്ക്കായി ഒരു കിലോ പഞ്ചസാര അല്ലെങ്കില്‍ 40 രൂപ’; വിവാദ ഉത്തരവ്

Jaihind Webdesk
Friday, December 1, 2023

 

പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയില്‍ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്മര്‍ദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാര്‍ത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കള്‍ നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിന്‍റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഓരോ ഇനം ഭക്ഷ്യവസ്തുക്കള്‍ നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ നാളെ വരുമ്പോള്‍ ഒരു കിലോ പഞ്ചസാര അല്ലെങ്കില്‍ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവില്‍ പറയുന്നു.

നേരത്തെ നവകേരള സദസിന്‍റെ ഭാഗമായി മാനന്തവാടിയില്‍ സ്‌കൂളിന്‍റെ മതില്‍ പൊളിച്ചിരുന്നു. മാനന്തവാടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ മതിലാണ് മന്ത്രിമാര്‍ സഞ്ചരിച്ച ബസ് ഇറക്കാന്‍ തകര്‍ത്തത്. ഇതിനിടെയാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ആവശ്യം.

അതേസമയം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി. പാര്‍ക്കിന്‍റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കി. സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇതോടെ കോടതി അനുവദിക്കില്ലെങ്കില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 1.45 ന് വീണ്ടും പരിഗണിക്കും.