ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ നെട്ടോട്ടം; നവകേരള സദസ് തീരും മുമ്പ് രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി കൊടുത്തേക്കും

Jaihind Webdesk
Monday, November 27, 2023


നവകേരളസദസ് സമാപിക്കും മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക കൂടി വിതരണം ചെയ്യാന്‍ തീരുമാനം. പണം കണ്ടെത്തുന്നതിന് ധനവകുപ്പ് ഊര്‍ജിത ശ്രമം തുടങ്ങി. അടുത്തമാസമാകുമ്പോഴേക്കും നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക ആകുന്ന സാഹചര്യത്തിലാണ് രണ്ടുമാസത്തേത് എങ്കിലും കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത്.ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയുടെ വിതരണം ഇന്നലെയാണ് പൂര്‍ത്തിയായത്. മസ്റ്ററിങ്ങിലെ പിഴവുമൂലം കുറച്ചുപേര്‍ക്ക് കിട്ടാനുണ്ട്. ഇനി മൂന്ന് മാസത്തേത് കുടിശിക. മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാകും. ഡിസംബര്‍ 23ന് നവകേരളസദസ് തിരുവനന്തപുരത്ത് അവസാനിക്കുന്നതിന് മുമ്പ് ഇതില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക നല്‍കണം എന്നാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ക്രിസ്മസിന് മുമ്പ് തുക ജനങ്ങളുടെ കയ്യിലെത്തണം. 1500 കോടിയിലേറെ രൂപ ഇതിന് വേണ്ടി വരും. ഈ തുക കണ്ടെത്തുന്നതിനുള്ള ആലോചനകളിലാണ് ധനവകുപ്പ്. ട്രഷറി നിയന്ത്രണം കടുപ്പിച്ചും അനിവാര്യമല്ലാത്ത ചെലവുകള്‍ മാറ്റിവച്ചുമായിരുന്നു ഈ മാസം ക്ഷേമ പെന്‍ഷന്‍ നല്‍കിയത്. എന്നാല്‍ രണ്ടുമാസത്തെ കുടിശിക നല്‍കുന്നതിന് ഇതുപോര. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കൊണ്ട് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് പണം നല്‍കുന്നതിന് കഴിഞ്ഞതവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ക്ഷേമപെന്‍ഷനിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 559 കോടിരൂപ കുടിശികയായിരുന്നത് കഴിഞ്ഞദിവസം അനുവദിച്ചത് ആശ്വാസമായി. ക്ഷേമപെന്‍ഷന്‍ കമ്പനി എടുത്ത വായ്പയും സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.