വയനാട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് വയനാട് മാനന്തവാടിയിൽ ചെളിയിൽ പുതഞ്ഞു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ജില്ലയിൽ പെയ്ത കനത്ത മഴയില്‍ ചെളിക്കുണ്ടായതോടെയാണ് ബസ് പുതഞ്ഞത്. പോലീസും സംഘവും ഏറെനേരം കിണഞ്ഞുശ്രമിച്ചാണ് ബസ് വലിച്ചുകയറ്റിയത്.
നവകേരള സദസിന്റെ ആറാംദിന പര്യടനം വയനാട്ടിൽ സമാപിച്ചു . കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വടകരയിലേക്ക് യാത്ര തിരിച്ചു. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്രയിലാണെന്നും മഴക്കെടുതി നോക്കാൻ പോലും ആളില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
അതിനിടെ പ്രതിഷേധമുണ്ടാകാമെന്ന സൂചനയെ തുടർന്ന് വയനാട്ടിലെ പനമരം, കമ്പളക്കാട്, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധികളിലെല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തു. നടപടിയിൽ പ്രതിഷേധിച്ച് പനമരത്ത് റോഡിൽ ഇറങ്ങിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി