കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് തിങ്ങിനിറഞ്ഞ പ്രവർത്തകരെയും ജനസഞ്ചയത്തെയും സാക്ഷിയാക്കി കെപിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി റാലി ഉദ്ഘാടനം ചെയ്തു. പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യറാലിയില്‍ അണിനിരന്നത്.
എന്താണ് നരേന്ദ്ര മോദിക്ക് ഇസ്രയേലിനോട് ഇത്ര മമതയെന്ന് കെ.സി. വേണുഗോപാല്‍ എംപി ചോദിച്ചു. അമേരിക്കയ്ക്ക് മുമ്പ് ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയിൽ യുദ്ധം നിർത്തണമെന്ന് ഒരു പ്രമേയം വന്നപ്പോഴും ഇന്ത്യ അതിനെ പിന്തുണച്ചില്ല. നെതന്യാഹുവും നരേന്ദ്ര മോദിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാൾ വംശീയതയും മറ്റേയാൾ സയണിസവും മുന്നോട്ടു വെക്കുകയാണ്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഒരേയൊരു നയമേ ഉള്ളു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണ് പലസ്തീനിന്റേതും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതല്ക്കേ കോണ്‍ഗ്രസിന് പലസ്തീന് അനുകൂല നിലപാടാണെന്ന് അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി പറഞ്ഞു. മോദി വംശീയ വാദിയാണെന്നും മോദിയെ നേർവഴിക്കു നയിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രമിക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു. എക്കാലവും കോൺഗ്രസിന് പലസ്തീൻ അനുകൂല നയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഇസ്രയേൽ രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരനായ സ്റ്റാലിൻ ആണെന്നും അങ്ങനെയുള്ള കമ്യൂണിസ്റ്റുകാരാണ് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യം ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരമല്ല, നിലപാടാണ് പ്രധാനമെന്നും കോൺഗ്രസ് ലീഗ് ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. താനും കോൺഗ്രസും പലസ്തീനൊപ്പമാണെന്ന് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചെന്നും തരൂർ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പലസ്തീൻ പ്രേമം വോട്ടിനുവേണ്ടിയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെ. മുരളീധരന് എംപി പ്രമേയം അവതരിപ്പിച്ചു. വാക്കുകൊണ്ട് മാത്രമാണ് ചിലർ പലസ്തീനൊപ്പമെന്നും മനസുകൊണ്ട് ഇസ്രയേലിനു ഒപ്പമാണെന്നും
കെ. മുരളീധരൻ കുറ്റപ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എം.കെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാർ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ തുടങ്ങി നേതാക്കളുടെ വന്‍ നിര പലസ്തീന് ഐക്യദാർഢ്യ റാലിയില്‍ അണിനിരന്നു. നിരപരാധികൾ വേട്ടയാടപ്പെടുമ്പോൾ ചോദ്യം ചെയ്യുന്ന ചരിത്രമുള്ള കോൺഗ്രസ് എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായി പതിനായിരങ്ങള്‍ അണിനിരന്ന ഐക്യദാർഢ്യ മഹാറാലി.