നവകേരള സദസിന് സ്കൂള്‍ കുട്ടികളെ എത്തിക്കണം; കർശന നിർദ്ദേശവുമായി സർക്കാർ, വിവാദം

Wednesday, November 22, 2023

 

മലപ്പുറം: നവകേരള സദസ് വിജയിപ്പിക്കാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദ്ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവകേരള സദസിന് ആളെ കൂട്ടാനായി സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. മലപ്പുറത്തെ പരിപാടി വിജയിപ്പിക്കാനാണ് സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ സഹായം തേടിയത്. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി അധ്യാപകരെയും അയക്കണം. വിദ്യാർത്ഥികളെ സ്കൂളുകളിൽനിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകർ ചോദ്യം ചെയ്തപ്പോൾ മുകളിൽനിന്നുള്ള നിർദേശമാണന്നും തനിക്ക് കൂടുതൽ അറിയില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം.

വിദ്യാർത്ഥികളെ പുറത്തുകൊണ്ടുപോകുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതെല്ലാം സ്കൂളുകൾ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാനും നിർദേശിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ വാഹനവും വിട്ടുനൽകിയാൽ ക്ലാസ് നടത്താൻ പ്രയാസമാകില്ലേ എന്ന പ്രധാന അധ്യാപകരുടെ ചോദ്യത്തിന് വേണമെങ്കിൽ പ്രാദേശിക അവധി നൽകാമെന്നും ഡിഇഒ അറിയിച്ചതായി അധ്യാപകർ പറഞ്ഞു. വരുന്ന 27 മുതൽ 30 വരെയാണ് നവകേരള സദസ് മലപ്പുറം ജില്ലയിൽ പര്യടനം നടത്തുന്നത്.