തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറ്റണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടു നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015-ലാണ് മാറ്റം വന്നത്. തുടർന്ന് എട്ടു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറുന്നത്.
ഇതനുസരിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍റ്സും ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടുമാണ്. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവർകോട്ടും ആയിരിക്കും വേഷം. അതേസമയം മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ്.