ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളില്‍ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടല്‍ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു. എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹര്‍ജി നല്‍കിയത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഗവര്‍ണര്‍ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാല്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ നോട്ടീസ് അയക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണം. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടിയില്‍ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.