ശബരിമലയില്‍ ഉപയോഗശൂന്യമായത് ഒന്നരലക്ഷത്തിലധികം ലിറ്റര്‍ അരവണ; നശിപ്പിക്കുന്നത് വൈകും

Jaihind Webdesk
Friday, November 17, 2023


ശബരിമലയിലെ ഉപയോഗശൂന്യമായ ഒന്നര ലക്ഷത്തിലധികം ലിറ്റര്‍ അരവണ നശിപ്പിക്കുന്നത് വൈകും. ഇക്കാര്യത്തില്‍ വിവിധ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് അരവണ ഉപയോഗശൂന്യമായത്. 1,66,000 ലിറ്റര്‍ അരവണയാണ് ഉപയോഗശൂന്യമായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ നശിപ്പിക്കുന്നതിന് വെല്ലുവിളികള്‍ ഏറെയാണ്. കാനന മേഖലയില്‍ അരവണ നശിപ്പിക്കുന്നത് വന്യ മൃഗങ്ങള്‍ക്ക് ഭീഷണി ആകുമോ എന്ന ആശങ്കയാണ് ഒരുവശത്തുള്ളത്. മണ്ഡലകാലത്തെ തീര്‍ത്ഥാടകരുടെ തിരക്കിനിടയില്‍ ഇത്രയധികം അരവണ എങ്ങനെ പുറത്തെത്തിക്കും എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്. അരവണ നശിപ്പിക്കാന്‍ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. അരവണയില്‍ കീടനാശിനി സാന്നിധ്യമുള്ള ഏലക്ക ഉപയോഗിച്ചു എന്ന പരാതിയെ തുടര്‍ന്ന് ആദ്യം നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ വിതരണം നിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി രണ്ടാമത് നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം ഇല്ലെന്ന് വ്യക്തമായത്. ഇതിനിടെ അരവണ ഉപയോഗശൂന്യമാവുകയായിരുന്നു. ഇതോടെയാണ് അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ആറു കോടി 65 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.