വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും; 38 ഇന വാഗ്ദാനങ്ങളുമായി തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Jaihind Webdesk
Friday, November 17, 2023


തെലങ്കാനയില്‍ ആറ് ഗ്യാരന്റി കാര്‍ഡുകള്‍ക്ക് പുറമെ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 38 ഇന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആര്‍എസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളില്‍ കടന്നുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വര്‍ണവും നല്‍കുന്ന ഇന്ദിരാമ്മ ഗിഫ്റ്റ് സ്‌കീം പത്രികയിലുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജില്‍ പോകുന്ന എല്ലാ വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ ഇലക്ട്രിക് സകൂട്ടര്‍, എല്ലാ കോളേജ് വിദ്യാര്‍ഥികള്‍ക്കും 5 ലക്ഷം രൂപ സഹായം നല്‍കുന്ന വിദ്യാഭരോസ കാര്‍ഡ് തുടങ്ങിയ വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്.

പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. സംസ്ഥാനത്ത് എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ വീട് വയ്ക്കാന്‍ 6 ലക്ഷം രൂപ വരെ നല്‍കും. അതില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഇന്ദിരമ്മ പദ്ധതിയില്‍ വീടുകള്‍ വച്ച് നല്‍കും. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാല്‍ ഉടന്‍ ഒബിസി സെന്‍സസ് (ജാതി സെന്‍സസ്) പ്രഖ്യാപിക്കുമെന്നും പത്രികയില്‍ പറയുന്നുണ്ട്.സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാര്‍ട്ണര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ സ്‌കീം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പത്രികയില്‍ 10 പുതിയ ന്യൂനപക്ഷ ക്ഷേമബോര്‍ഡുകള്‍ക്ക് കൂടുതല്‍ ഫണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയടക്കം 38 ഇന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് ജനത്തിന് മുന്നില്‍ വയ്ക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.