ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ പ്രമേയം; കളവുനിരത്തി ഇസ്രയേല്‍ ആശുപത്രികളില്‍ കടന്നെന്ന് ഹമാസ്

Jaihind Webdesk
Thursday, November 16, 2023


ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പ്രമേയം. ആശുപത്രികളില്‍ കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ക്രമീകരണങ്ങള്‍ക്ക് ഉള്‍പ്പെടെ മതിയായ സമയം വെടിനിര്‍ത്തല്‍ വേണമെന്നാണ് ആവശ്യം. 15 അംഗ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഹമാസ് ഉപാധികളില്ലാതെ ബന്ദികളെ വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു .അതിനിടെ ഇസ്രയേല്‍ സേന ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നടപടി തുടരുകയാണ്. ആശുപത്രിയില്‍നിന്ന് ആയുധശേഖരം പിടിച്ചെടുത്തെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആശുപത്രിക്കുള്ളില്‍ ഹമാസിന്റെ തുരങ്കപാതകളുണ്ടെന്ന വാദം സ്ഥിരീകരിക്കാനോ ആശുപത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കാനോ സൈന്യം തയാറായിട്ടില്ല. കളവുനിരത്തിയാണ് ഇസ്രയേല്‍ ആശുപത്രിക്കുള്ളില്‍ കടന്നതെന്ന് ഹമാസ് ആരോപിച്ചു. ഗാസയിലെ യു.എന്‍ ദൗത്യത്തിനായി റഫാ അതിര്‍ത്തിവഴി ഇന്ധനമെത്തിച്ചു. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തുന്നത്.