കുട്ടനാട്ടെ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പൈട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. മുന്‍പ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് നഷ്ടപരിഹാരം കേന്ദ്രം നല്‍കിയത്. ഇവിടെ ജിഎസ്ടിയിലും അഞ്ച് വര്‍ഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജിഎസ്ടി നഷ്ടപരിഹാരം ഏറ്റവും കൂടുതല്‍ കിട്ടിയ സംസ്ഥാനമാണ് കേരളം. ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായ പ്രവര്‍ത്തിയാണ് ജി എസ് ടി ഇന്റലിജന്‍സ് കമ്മീഷണര്‍ ചെയ്തത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം. ജിഎസ്ടി നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥന് കേരളീയത്തിന് സംഭാവന പിരിക്കുന്ന ജോലിയാണ് ചെയ്തത്. നൂറുകണക്കിന് കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നവകേരള സദസ്സിന്റെ ഭാഗമായി പിരിക്കാന്‍ പോകുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.