പോലീസ് നരനായാട്ട്: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Monday, November 6, 2023

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം നസിയയുടെ തലയ്ക്ക് പോലീസ് ലാത്തി കൊണ്ട് അടിച്ചു. തല ലക്ഷ്യമാക്കിയ അടി മുഖത്തുകൊണ്ടതോടെ മൂക്കിന് പരിക്കേറ്റ നസിയ രക്തത്തില്‍ കുളിച്ചുവീണു.  നസിയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളവർമ്മ കോളേജിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ മാർച്ചിന് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്‍റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.