കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ ഹാളില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, October 29, 2023

കൊച്ചി: കളമശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്‍റർനാഷനൽ കൺവൻഷൻ സെന്‍ററിലാണ് സ്ഫോടനമുണ്ടായത്. കളമശ്ശേരി നെസ്റ്റിനു സമീപമാണിത്. 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നതായാണ് വിവരം. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ  സ്ഫോടനം ഉണ്ടായി. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാൾ പറഞ്ഞു. യഹോവ സാക്ഷികളുടെ മേഖല കണ്‍വൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.