കോഴിക്കോട്: മാധ്യമ പ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് 35 A വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കമ്മീഷണർ പരാതി നടക്കാവ് പോലീസിന് കൈമാറിയിരുന്നു. ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്.
വിഷയം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇത് മാപ്പ് പറച്ചിലായി തോന്നിയില്ലെന്ന് മാധ്യമപ്രവർത്തക പ്രതികരിച്ചു. “തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്. അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവമാണ്.” – ഷിദ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.