പലസ്തീന് ഐക്യദാർഢ്യം; മുസ്‍ലിം ലീഗ് മനുഷ്യാവകാശ മഹാറാലി: ജനസാഗരമായി കോഴിക്കോട് കടപ്പുറം

Jaihind Webdesk
Thursday, October 26, 2023

 

കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യവുമായി മുസ്‍ലിം ലീഗ് മനുഷ്യാവകാശ മഹാറാലി കോഴിക്കോട്.  ഇസ്രയേൽ അധിനവേശത്തിനെതിരായ ചെറുത്തുനിൽപ്പാണ് പലസ്തീനികൾ നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്രയേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഇസ്രയേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആയിരങ്ങളാണ് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.

ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്‍റെ പ്രതികാരം അതിരുകടന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി പറഞ്ഞു. 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ശശി തരൂർ എംപി പറഞ്ഞു.

“കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്‍റെ ലംഘനമാണ് പലസ്തീനിൽ കാണുന്നത്. ഇസ്രയേലിൽ ഭീകരവാദികൾ അക്രമം നടത്തി. അവർ അവിടെ 1400-ലേറെ പേരെ കൊലപ്പെടുത്തി, 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയിൽ 6000-ത്തിലേറെ പേരെ ഇസ്രയേലിൽ കൊലപ്പെടുത്തി. ബോംബിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇസ്രയേൽ യുദ്ധം നിർത്തുന്നതിന് മുമ്പ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കും?” – ശശി തരൂർ എംപി ചോദിച്ചു.

പലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം മാത്രമാണ് മുസ്‌ലിം ലീഗ് റാലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തിന്‍റെ നേതൃത്വത്തിലാണ് സമുദായം എല്ലാ പ്രതിസന്ധിയും മറികടന്നതെന്നും ആ കെട്ടുറപ്പ് തകരാതെ നോക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.