തിരുവനന്തപുരം നേമത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. രമ്യ രാജീവെന്ന യുവതിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കുത്തിയ മുട്ടത്തറ സ്വദേശി ദീപക്ക് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാവിലെ എട്ടരയോടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശികളായ യുവതിയുടെ കുടുംബം നേമത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബംഗളൂരുവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ യുവതി തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ്. രാവിലെ വീട്ടിലെത്തിയ ദീപക്ക് ഒപ്പം ഇറങ്ങിച്ചെല്ലണമെന്ന് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് രമ്യയുടെ വീട്ടില്‍ നിന്നും കത്തിയെടുത്ത് കഴുത്തില്‍ മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.