ജോ ബൈഡനുമായുളള കൂടിക്കാഴ്ച പലസ്തീന്‍ പ്രസിഡന്റ് റദ്ദാക്കി; ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേല്‍

Jaihind Webdesk
Wednesday, October 18, 2023


അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷവും, ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാറ്റമില്ല. അതേ സമയം, പലസ്തീന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

അതേസമയം, ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പില്‍ വിശദീകരിച്ചു.

ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു. അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റില്‍ കുറിച്ചു.