കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേർ വെന്തു മരിച്ചു

Jaihind Webdesk
Saturday, October 14, 2023

 

കണ്ണൂർ: കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് അതിദാരുണമായി വെന്തുമരിച്ചത്. ബസിടിച്ച് മറിഞ്ഞതിന് പിന്നാലെ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നു.

കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണംകോട് സ്വദേശി സജീഷ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന
ഓട്ടോറിക്ഷയാണ് തീപിടിച്ചത്. രണ്ടു പേരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.