കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ എന്‍ഫോഴ്സമെന്റ്് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. തൃശ്ശൂര്‍ ജില്ല ബാങ്കിലെ 18 ലക്ഷം രൂപയുടെ വായ്പയുടെ ടേക്ക് ഓവറിന് സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വര്‍ധിച്ചുവെന്നുമാണ് സിന്ധുവിന്റെ പരാതി. സിന്ധുവിന്റെ പരാതി ഉള്‍പ്പെടെ കേസില്‍ തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്. പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിരുന്നു. ഇതില്‍ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്. രാജന്, മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരന് ശ്രീജിത്ത്, തൃശൂര്‍ എസ്.ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍ എന്നിവരാണ് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായയത്. നേരത്തെ നല്കിയ രേഖകള്‍ പര്യാപ്തമല്ലെന്ന് ഇ ഡി അറിയിച്ചത്തോടെയാണ് കൂടുതല്‍ രേഖകളുമായി ടി.ആര്.രാജന് വീണ്ടും എത്തിയത്. അറസ്റ്റില്‍ ആയ കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അമ്മക്ക് പെരിങ്ങണ്ടൂര്‍ ബാങ്കില്‍ 62 ലക്ഷം രൂപ നിക്ഷേപം ഉണ്ട് എന്ന് ഇഡി ആരോപിച്ചിരുന്നു. മൂന്നാംവട്ടം നോട്ടിസ് നല്‍കിയാണ് സുനില്‍ കുമാറിനെ ഇഡി വിളിപ്പിച്ചത്. മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സിന്ധു പരാതിയുമാ ഇഡിക്ക് മുന്നിലെത്തുന്നത്.