സൈബര്‍ അധിക്ഷേപം; മറിയ ഉമ്മന്‍റെ പരാതിയില്‍ കേസെടുത്തു

Jaihind Webdesk
Friday, September 22, 2023

തിരുവനന്തപുരം: മറിയ ഉമ്മന്‍ നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതായി ചൂണ്ടികാട്ടിയാണ് മറിയ ഉമ്മന്‍ പരാതി നൽകിയത്. സിപിഎം സൈബര്‍ സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പരാതിയില്‍
വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു അച്ചു ഉമ്മന്‍ പൊലീസിൽ പരാതി നല്‍കിയത്. ഈ പരാതിയിന്മേല്‍ കേസ് എടുത്തെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെയായിരുന്നു അച്ചു ഉമ്മൻ പരാതി നൽകിയത്.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ സൈബർ ആക്രമണം ശക്തമായതോടെയാണ് മറിയ ഉമ്മൻ പരാതി നൽകിയത്. ഈ പരാതിയിലാണ് പൂജപ്പുര പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.