കോട്ടയം: പുതുപ്പള്ളി പോളിംഗ് ബൂത്തിലെത്താന്‍ ശേഷിക്കുന്നത് ഇനി മണിക്കൂറുകള്‍ മാത്രം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലടക്കം അതിവേഗം മുന്നേറിയ യുഡിഎഫ് ഇതിനോടകം തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ചാണ്ടി ഉമ്മനെ തിരഞ്ഞെടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
ഉമ്മന്‍ ചാണ്ടി അന്തരിച്ച് 26 ദിവസങ്ങള്‍ക്കുളളിലാണ് പുതുപ്പളളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും കൊളളത്തരവും പൊതുജനങ്ങള്‍ക്കിടയില്‍ കൊണ്ടുവരുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് നിസംശയം പറയാം. തങ്ങളുടെ പ്രിയ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണുമ്പോളുളള അത്ര തന്നെ സ്‌നേഹവും സന്തോഷവും തന്നെയായിരുന്നു പുതുപ്പളളിയിലെ ജനങ്ങള്‍ക്ക് ചാണ്ടി ഉമ്മനെ കാണുമ്പോഴും. കൂടുതല്‍ ഒന്നുമില്ല, രണ്ടോ മൂന്നോ വാചകങ്ങളില്‍ ഒതുങ്ങുന്നതായിരുന്നു ചാണ്ടി ഉമ്മന്‍റെ വോട്ടഭ്യര്‍ത്ഥന. അപ്പയെ ചേര്‍ത്തു നിര്‍ത്തിയതുപോലെ എന്നെയും ചേര്‍ത്തുനിര്‍ത്തണം. ഞാനും എന്നും നിങ്ങളോടൊപ്പമുണ്ടാകും…
പുതുപ്പളളിയുടെ കുഞ്ഞൂഞ്ഞിനെ ഹൃദയം നിറഞ്ഞ് സ്‌നേഹിച്ചവര്‍ കുഞ്ഞൂഞ്ഞിന്‍റെ പ്രിയ പുത്രനേയും സ്‌നേഹിക്കാന്‍ മറന്നില്ല. വീട്ടുകാരെയെല്ലാവരെയും കൂട്ടി ഒരു യാത്രയ്ക്ക് പോകുന്നത് പോലെയായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രചാരണ യാത്ര. തങ്ങളുടെ ഒരു വീട്ടിലെ അംഗത്തെ സ്വീകരിക്കുന്ന പോലെയായിരുന്നു ഓരോരുത്തരും ചാണ്ടി ഉമ്മനെ സ്വീകരിച്ചത്.
എവിടെ നോക്കിയാലും ഖദര്‍ സ്‌ക്വാഡുകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മണ്ഡലത്തില്‍ താമസിച്ച് പട നയിക്കുന്നു. ഒരുകണക്കിന് പറയുകയാണെങ്കില്‍ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തെ പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുന്നത്. എന്തായാലും പുതുപ്പളളി പോളിംഗ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വലിയ ആവേശത്തിലാണ് യുഡിഎഫ്. കരുണ തുടരാന്‍ ചാണ്ടി ഉമ്മന്‍ എത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പുതുപ്പള്ളി.