മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു; എങ്കിലും നടപടിയില്ല; അട്ടിമറി ശ്രമമെന്ന് ആരോപണം

Jaihind News Bureau
Friday, December 7, 2018

മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറിലേറെ സമയം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു. വൈദ്യുതി നിലച്ചത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറാന്‍ രണ്ട് ദിവസം വൈകിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി നിലച്ചത് കൊണ്ട് രാവിലെ ഒരു മണിക്കൂറോളം സി.സി.ടി.വിയും പുറത്ത് സ്ഥാപിച്ചിരുന്ന എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചത്.

വൈദ്യുതി നിലച്ചതാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. നവംബര്‍ 30 ന് രാവിലെ 8.19 ഉം 9.35ഉം ഇടക്കാണ് സി.സി.ടിവി കാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കരുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ രണ്ട് ദിവസം വൈകി ഏല്‍പ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ് പൂര്‍ത്തിയായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരികെ ഏല്‍പ്പിക്കേണ്ട കരുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ രണ്ട് ദിവസം വൈകിയാണ് മധ്യപ്രദേശിലെ സാഗറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്നലെ കോണ്‍ഗ്രസ് നേതാക്കല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.